ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും നിയോഗങ്ങൾ പൂർത്തീകരിക്കപ്പെടണം. എന്നിലും മറ്റുള്ളവരിലും ദൈവഹിതം പൂർണ്ണമായി നിറവേറണം എന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം.അതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന.
പരിശുദ്ധ ജപമാല ശക്തമായ ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയാണ്.
നാം മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് മദ്ധ്യസ്ഥ പ്രാർത്ഥന. ദൈവവുമായി ബന്ധപ്പെടാനും മറ്റൊരു വ്യക്തിക്ക് നമ്മുടെ പിന്തുണയും സ്നേഹവും പ്രകടിപ്പിക്കാനുമുള്ള ശക്തമായ മാർഗമാണിത്.
നമ്മുടെ ചിന്തകൾ, വിചാരങ്ങൾ, വികാരങ്ങൾ,ദുഃഖങ്ങൾ,രോഗങ്ങൾ,വേദനകൾ,തെറ്റിദ്ധാരണകൾ,ബലഹീനതകൾ,പ്രലോഭനങ്ങൾ പോലും ഒരു വലിയ പ്രാർത്ഥനയാക്കാം.നമ്മുടേത് പോലുള്ള ദുഃഖങ്ങളും,വേദനകളും പ്രലോഭനങ്ങളും,ജീവിത അവസ്ഥകളും ഉള്ള മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവയെല്ലാം ഒരു പ്രാർത്ഥനയായി മാറുന്നു. നമ്മുടെ ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയാക്കാം. പ്രാർത്ഥനയായി മാറണം.നമ്മുടെ ചിന്തകൾ, വിചാരങ്ങൾ, വികാരങ്ങൾ,ദുഃഖങ്ങൾ,രോഗങ്ങൾ,വേദനകൾ,തെറ്റിദ്ധാരണകൾ,ബലഹീനതകൾ,പ്രലോഭനങ്ങൾ പോലും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള ഒരു ക്ഷണമാണ്. മറ്റുള്ളവർക്കുവേണ്ടി നാം ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ ബലഹീനതകൾ പോലും ഒരു ശക്തിയായി മാറുന്നു.
നല്ല ബന്ധങ്ങൾ കെട്ടിപ്പടുക്കാനും നമ്മുടെ വിശ്വാസവും സ്നേഹവും ആഴപ്പെടുത്താനും ദൈവത്തിന്റെ സൗഖ്യം പ്രാപിക്കാനും അവിടുത്തെ കൃപയിൽ വളരാനും മദ്ധ്യസ്ഥ പ്രാർത്ഥന നമ്മെ സഹായിക്കുന്നു.
മദ്ധ്യസ്ഥ പ്രാർത്ഥനയിൽ ഒരു ആത്മീയ യുദ്ധവും ഉൾപ്പെടുന്നു, കാരണം തിന്മയുടെ ശക്തികളെ കീഴടക്കാനും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നരക സർപ്പത്തെ തോല്പിക്കുവാനും നമുക്ക് സാധിക്കും. ദൈവഹിതം സ്വർഗത്തിലെന്നപോലെ ഭൂമിയിലും പൂർത്തീകരിക്കുവാനും പ്രാർത്ഥനയിലൂടെ ചരിത്രത്തെ മാറ്റിമറിക്കാനും ലോകത്തെ സ്വാധീനിക്കാനും കഴിയുന്ന തരത്തിൽ മദ്ധ്യസ്ഥ പ്രാർത്ഥന വളരെ ശക്തമാണ്.
മദ്ധ്യസ്ഥ പ്രാർത്ഥന ഒരു ത്യാഗം നിറഞ്ഞ പ്രാർത്ഥനയാണ്, കാരണം അത് നമ്മിൽ നിന്നും പുറത്തുകടന്നു മറ്റുള്ളവരുടെ നന്മയ്ക്കായും അവർ അനുഗ്രഹിക്കപ്പെടുന്നതിനും നാം ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ, നാം നമ്മുടെ സ്വാർത്ഥതയിൽ നിന്നും അഹംഭാവത്തിൽ നിന്നും പുറത്തുവരുന്നു. അതിന് വിനയവും സ്നേഹവും സ്ഥിരോത്സാഹവും വിശ്വാസവും പ്രത്യാശയും ആവശ്യമാണ്, കാരണം ദൈവം അവിടുത്തെ ജ്ഞാനത്തിനും ശക്തിക്കും അനുസൃതമായി നമ്മുടെ പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യുന്നുവെന്ന് നാം വിശ്വസിക്കുന്നു. നമുക്ക് നല്ലത് എന്താണെന്ന് നമ്മെക്കാൾ കൂടുതൽ ദൈവത്തിന് എപ്പോഴും അറിയാം.
മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായി മദ്ധ്യസ്ഥത വഹിക്കുമ്പോൾ നാം പരിശുദ്ധ ത്രിത്വത്തോടൊപ്പം പങ്കുചേരുന്നതിനാൽ മദ്ധ്യസ്ഥ പ്രാർത്ഥന ഒരു അനുഗ്രഹവും ആനുകൂല്യവും ആണ്. കൂടാതെ, നമുക്കും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന പരിശുദ്ധ അമ്മയോടൊപ്പം നാമും പങ്കുചേരുന്നു.
പരസ്പരം പ്രാർത്ഥിക്കണമെന്ന ദൈവകൽപ്പന നാം അനുസരിക്കുന്നതിനാൽ മദ്ധ്യസ്ഥ പ്രാർത്ഥന നമ്മുടെ കടമയും ഉത്തരവാദിത്തവുമാണ്.
മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ നാം ദൈവത്തിന്റെ സ്നേഹത്തിലും കാരുണ്യത്തിലും പങ്കുചേരുന്നു, കാരണം അവന്റെ കരുണയും സ്നേഹവും കൃപയും ക്ഷമയും ആവശ്യമുള്ളവരിലേക്ക് ഒഴുകാൻ നാം പ്രാർത്ഥിക്കുന്നു, അതിനു നാം കാരണമാകുന്നു.
പ്രാർത്ഥനയുടെ ശക്തവും ഫലപ്രദവുമായ ഒരു മാർഗമാണ് മദ്ധ്യസ്ഥ പ്രാർത്ഥന. കാരണം അത് നമ്മുടെ ഹൃദയത്തെ ദൈവത്തിന്റെ ഹൃദയവുമായി ഐക്യപ്പെടുത്തുകയും ലോകത്തിലേക്ക് അവിടുത്തെ ശക്തി ഒഴുകുവാൻ നാം ഉപാധിയും ആയി മാറുന്നു.
നമുക്ക് ശാരീരികമായി എത്തിച്ചേരാൻ കഴിയാത്തിടത്തെല്ലാം നമ്മുടെ പ്രാർത്ഥനയ്ക്ക് എത്തിച്ചേരാനാകും എന്നതിനാൽ മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ഒരു വലിയ മിഷനറിയാകാനും നമുക്ക് കഴിയും.
