
അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ സഹനങ്ങളുടെ മാഹാത്മ്യം. സഹനങ്ങളും ബുദ്ധിമുട്ടുകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം പോലും നമുക്ക് കാണാൻ ആകില്ലല്ലോ.ഇതിനെല്ലാം പലപ്പോഴും ദൈവത്തെയും മറ്റുള്ളവരെയും പഴിചാരുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും നാം എവിടെയോ വീണ്ടും വഴിതെറ്റിപ്പോകുന്നു.എന്ന് മാത്രമല്ല,ആ വേദനയുടെ നിമിഷങ്ങളിലെല്ലാം അവിടുന്ന് നമ്മുടെ കൂടെയുണ്ട് , ചാരത്തുണ്ട് എന്നുപോലും നാം മറന്നു പോകുന്നു.ദൈവം സ്നേഹമാണ്.സ്നേഹം മാത്രമാണ് സ്നേഹത്തിന്റേയും കരുണയുടേയും സാഗരമാണ്.ആ ദൈവത്തിന് നമ്മെ ശിക്ഷിക്കാൻ ആകില്ലല്ലോ. വേദനിപ്പിക്കാൻ ആകില്ലല്ലോ.നമ്മുടെ സഹനങ്ങൾക്കും വേദനകൾക്കും കാരണം നമ്മൾ തന്നെയാണ്. സ്നേഹ രാഹിത്യത്തിന്റേയും തെറ്റായ മനോഭാവത്തിന്റേയും സംസാരത്തിന്റെയും ജീവിതശൈലിയുടെയും തിന്മയിലേക്കുള്ള നമ്മുടെ ചായ് വിന്റെയും,ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതിന്റെയും എല്ലാം പരിണിതഫലങ്ങളാണ് നമ്മുടെ രോഗങ്ങളും സഹനങ്ങളും വേദനകളും ബുദ്ധിമുട്ടുകളും . പ്രഭാഷകൻ 2.5 “എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ ശുദ്‌ധിചെയ്യപ്പെടുന്നു;
സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു
സ്വീകാര്യരായ മനുഷ്യരും “.
ഈ സഹനങ്ങൾ എല്ലാം നമ്മെ എന്തൊക്കെയോ പഠിപ്പിക്കുന്നുണ്ട് ശുദ്ധീകരിക്കുന്നുണ്ട് ,അവിടുത്തെ സഹനത്തോടെ ചേർത്തുവയ്ക്കണമെന്ന് മാത്രം.ഒരു പാപവും ചെയ്യാതിരുന്നിട്ടും എന്നെയും നിന്നെയും ലോകം മുഴുവനെയും രക്ഷിക്കാൻ മനുഷ്യനായി പീഡകൾ സഹിച്ച്, കുരിശിൽ മരിച്ച ഉത്ഥാനം ചെയ്ത ഈശോ ഇന്നും ജീവിക്കുന്നു.എല്ലാ തിന്മകളെയും നന്മ കൊണ്ട് കീഴടക്കാൻ സാധിക്കും എന്നും എല്ലാ സഹനങ്ങൾക്കും കിരീടം ഉണ്ടെന്നും വ്യക്തിപരമായ ജീവിതങ്ങളിലെ സഹനങ്ങളിൽ ബുദ്ധിമുട്ടുകളിൽ നമ്മെ വിശദീകരിച്ച്, കരുണയും സ്നേഹവും ആവോളം ആസ്വദിക്കാൻ നമ്മെ ക്ഷണിക്കുന്നു,കൃപയേ കുന്നു. മറ്റുള്ളവരെയും ദൈവത്തെയും പഴിചാരാതെ എല്ലാം അവിടുത്തെ സഹനത്തോട്,പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളോട് ചേർത്തു വയ്ക്കാം .സഹനങ്ങളും വേദനകളും ഒന്നും നഷ്ടമാക്കാതെ നമ്മെപ്പോലെ സഹിക്കുന്ന വേദനിക്കുന്ന മറ്റുള്ള എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം.അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ ക്രൂശിതനായ ഈശോയെ ഹൃദയത്തോട് ചേർത്തു വയ്ക്കാം. സഹനത്തിന്റെ മാധുര്യവും മാഹാത്മ്യവും അനുഭവിക്കാം.