
ദൈവം സ്നേഹമാണ്, കരുണയാണ്.കരുണയുടെയും സ്നേഹത്തിന്റെയും സാഗരമാണ് . ആ ദൈവത്തിന് ശിക്ഷിക്കാനോ വേദനിപ്പിക്കാനോ ആകില്ലല്ലോ? നാം പലപ്പോഴും അവിടുത്തെ സ്നേഹത്തേയും കാരുണ്യത്തേയും ശിക്ഷയായി തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.പുത്രനായ ദൈവം ബലിയായി, കുരിശിൽ മരിച്ച് ജനിക്കാനിരിക്കുന്ന അവസാന കുഞ്ഞു വരെ ചെയ്യാൻ പോകുന്ന പാപത്തിന് പരിഹാരം ചെയ്തു. രക്ഷ നേടിത്തന്നു. ഒരോ ദിവ്യബലിയിലും അവിടുന്ന് ഇന്നും കരുണയുടെ ബലിയാകുന്നു. ആ രക്ഷയും കരുണയും ലോകം മുഴുവനും അനുഭവിക്കുവാൻ ഈശോയുടെ ബലിയോട് ചേർന്ന് ബലിയാകുവാൻ മുറിയപ്പെടുവാൻ തയ്യാറായ ആത്മാക്കളെയാണ് ഇന്ന് വേണ്ടത്. കുടുംബത്തിലും സമൂഹത്തിലും സഭയിലും ലോകം മുഴുവനിലും . നാം ബലിയാകുമ്പോഴും മുറിയപ്പെടുമ്പോഴും പലരുടെയും മാനസാന്തരത്തിനും രക്ഷയ്ക്കും കാരണമാകുന്നു. ഓരോ ദിവ്യബലിയിലും ബലിയാകാനും മുറിയപ്പെടാനും നമുക്ക് കൃപ ലഭിക്കുന്നു. ബലിയുടേയും മുറിയപ്പെടലിൻ്റേയും എണ്ണം വർദ്ധിക്കുമ്പോൾ തിന്മ ഇല്ലാതാകുന്നു, നന്മ വളരുന്നു.പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും എല്ലാവരും നിറയുന്നു.ബലിയായി മുറിയപ്പെടാൻ തയ്യാറാകുമ്പോൾ അവിടെ മുഴുവൻ പെന്തക്കുസ്ത അനുഭവം ലഭിക്കുന്നു.ഇന്നത്തെ പ്രശ്നം ബലി ആകാൻ ആരുമില്ല എന്നതാണ്.( യോഹന്നാൻ19 : 11നാം വായിക്കുന്നു.യേശു പ്രതിവചിച്ചു: ഉന്നതത്തില്നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില് എന്റെ മേല് ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല.
പീലാത്തോസിനോടുള്ള ഈശോയുടെ മറു പടിയിൽ നിന്നും നാം മനസ്സിലാക്കുന്നു.ബലിയാകാനും മുറിയപ്പെടാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് നാം ശക്തരാകുമ്പോൾ മാത്രമാണ് പിതാവായ ദൈവം നമ്മുടെ മേൽ ആർക്കും അധികാരം നൽകുന്നത്. ഞാൻ, നാം ബലി ആകാൻ തയ്യാറായാൽ സഭയിലും സമൂഹത്തിലും കുടുംബത്തിലും എല്ലാവരും രക്ഷപ്പെടും. ദൈവത്തിൻ്റെ ഹിതപ്രകാരം ബലിയാകാൻ, മുറിയപ്പെടാൻ തയ്യാറായി യേശുവുമായി ഐക്യപ്പെട്ട് ജീവിക്കുന്നതിലാണ് എൻ്റെ ജീവിത സാക്ഷാത്ക്കാരം. ദൈവത്തിൻ്റെ കരുണ അതിന് നമ്മെ പ്രാപ്തരാക്കുന്നു. കൃപയുടെ ഈ ദശവർഷങ്ങളിൽ അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേയ്ക്കുള്ള യാത്രയിൽ ബലിയാകാനും മുറിയപ്പെടാനും നമുക്കൊരുങ്ങാം.