ഈശോയുടെ തിരുഹൃദയും പരി. അമ്മയുടെ വിമല ഹൃദയവും ഒരുപ്പോലെ നമ്മെ നിർബ്ബന്ധിക്കുന്നു- Maha Jubilee 2033 നു വേണ്ടി ഒരുങ്ങുവാനും ഒരുക്കുവാനും. എന്തിനു വേണ്ടിയാണെന്നോ …. ഈശോയുടെ തിരുഹൃദയത്തിൽ നിന്നും അളവില്ലാതെ, വ്യവസ്ഥകളില്ലാതെ, അതിരുകളില്ലാതെ ഒഴുകുന്ന കരുണയും ദിവ്യസ്നേഹവും അവിടുന്ന് നമുക്കായി നേടിയെടുത്ത രക്ഷയും കൂടുതലായി അനുഭവിക്കാൻ. പ്രത്യേകമായി കൃപയുടെ ഈ ദശവർഷങ്ങളിൽ.
Grand Jubilee 2033. നമ്മുടെ വ്യക്തിപരമായ വിശ്വാസ ജീവിതത്തിലും സഭയുടേയും ഈ ലോകം മുഴുവന്റേയും നിർണ്ണായകമായ സംഭവങ്ങളുടെ മഹാരഹസ്യങ്ങളുടെ രണ്ടായിരിമാണ്ട് Grand Jubilee നാം ആഘോഷിക്കുന്നു.
ഓശാന ആർപ്പുവിളികളോടെയുള്ള ജറുസലേം രാജകീയ പ്രവേശത്തിന്റെ ,
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനാണ് താൻ വന്നതെന്നതിന് മാതൃക നല്‍കിയതിന്റെ ,
അവസാന അത്താഴത്തിൽ നമുക്കായി സ്ഥാപിതമാക്കപ്പെട്ട മഹാരഹസ്യ ത്തിന്റെ ഓർമ്മയുടെ,
പീഡാസഹനങ്ങളുടെ,
അവിടുത്തെ തിരുവിലാവിൽ നിന്നും നമുക്ക് കാരുണ്യ ശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുജലത്തിന്റേയും തിരുരക്തത്തിന്റേയും സ്മരണയുടെ ,
കുരിശിൽ നമ്മെ പഠിപ്പിച്ച സ്നേഹത്തിന്റേയും ക്ഷമയുടേയും പാഠങ്ങൾ നല്‍കിയതിന്റെ ,
എന്നും മാതൃകയും മദ്ധ്യസ്ഥയും സഹായിയുമായി പരി.അമ്മ യാകുന്ന സമ്മാനത്തെ ഈ ലോകത്തിനു നല്‍കിയതിന്റെ,
കുരിശു മരണത്തിന്റെ,
അവിടുത്തെ ജയ സന്തോഷ ത്തോടെയുള്ള ഉത്ഥാനത്തിന്റെ,
സ്വർഗ്ഗാരോഹണത്തിന്റെ
പരി. ആത്‌മാവിന്റെ പ്രത്യേകമായ ശക്തിയും നിറവും വിളിച്ചറിയിച്ച പെന്തകുസ്താ അനുഭവത്തിന്റെ
തിരു സഭയുടെ ഉത്ഭവത്തിന്റേയും വിശാസത്തിനു വേണ്ടി മരിച്ച ആദ്യ രക്തസാക്ഷികളുടെയും,
പ്രഥമ മിഷനറിമാരുടേയും മിഷനറി യാത്രയുടേയും . ….
പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമല്ല ഈശോയുടെ അതിരുകളില്ലാത്ത അളവുകളില്ലാത്ത കരുണയും സ്നേഹവും അനുഭവിച്ച ഒത്തിരി വ്യക്തിത്വങ്ങളേയും ഓർമ്മകൾ ഈ മഹാ ജൂബിലി വർഷത്തിൽ നാം സ്മരിക്കുന്നു.
യേശുവിനെ മൂന്നു പ്രാവശ്യം നിഷേധിച്ചു, എങ്കിലും യോഹന്നാന്റെ പുത്രനായ ശിമയോനെ, നീ ഇവരെക്കാള്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ? എന്ന ചോദ്യം ആത്മാർത്ഥമായി ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ വിശുദ്ധ സിംഹാസനം വരെ ഉയർത്തപ്പെടുകയും ഒടുവിൽ ആദ്യത്തെ മാർപ്പാപ്പയാവുകയും ചെയ്ത വിശുദ്ധ പത്രോസ് ശ്ലീഹ
കാൽവരിവരെ യേശുവിനെ ആവേശത്തോടെ അനുഗമിച്ച് അവന്റെ ശിഷ്യന്മാർക്ക് മുമ്പേ ഉത്ഥിതനായ കർത്താവിനെ കാണാനും അനുഭവിക്കാനുമുള്ള മഹത്തായ ഭാഗ്യം ലഭിച്ച മഗ്ദലന മറിയം
പരിശുദ്ധ അമ്മയെ സ്വന്ത്വം അമ്മയായി സ്വീകരിക്കുവാനും കുരിശിൻ ചുവടോളം മാത്രമല്ല, യേശുവിനു വേണ്ടി മരിക്കാൻ പോലും ഭാഗ്യം ലഭിച്ച യേശുവിന്റെ മടിയിൽ ചാരികിടന്ന വിശുദ്ധ യോഹന്നാൻ
ചുരുങ്ങിയ സമയത്തിനുള്ളിൽ യേശുവിനോടൊപ്പം പറുദീസയിലാകാനുള്ള ഏറ്റവും വലിയ സമ്മാനം ലഭിച്ച കുരിശിലെ നല്ല കള്ളൻ.
കാൽവരിയിലേക്കുള്ള യാത്രയിൽ യേശുവിന്റെ മുഖം തുടയ്ക്കുവാനും അവന്റെ കരുണയാൽ അവിടുത്തെ തിരുമുഖം തന്റെ തൂവാലയിൽ ഏറ്റു വാങ്ങിയ വിശുദ്ധ വെറോനിക്ക
യേശുവിനോടൊപ്പം കുരിശ് ചുമക്കാനുള്ള അപ്രതീക്ഷിതമായ അവസരം ലഭിച്ച കിറെനേക്കാരൻ ശിമയോൻ .
വചനം വ്യാഖ്യാനിച്ചു കൊടുക്കുകയും, അപ്പം മുറിചു കൊടുത്തപ്പോൾ യേശുവിനെ തിരിച്ചറിഞ്ഞ എമ്മാവൂസിലെ ശിഷ്യന്മാർ.
അവസാനമായി, ജറുസലേമിലേക്കുള്ള തന്റെ വിജയകരമായ പ്രവേശന സമയത്ത് യേശു രാജകീയമായി സഞ്ചരിച്ച ചെറിയ കഴുതയും അമ്മ കഴുതയും
ഇവരെല്ലാം ദൈവത്തിന്റെ അനർഹമായ സ്‌നേഹത്തെയും കാരുണ്യത്തെയും അതിന്റെ വ്യത്യസ്ത മാനങ്ങളിൽ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ ദിവ്യകാരുണ്യത്തിന്റെ സാഗരത്തിൽ നിന്ന് ആവോളം ആസ്വദിക്കുവാൻ സ്വർഗ്ഗം നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു, പ്രത്യേകിച്ച് കൃപയുടെ ഈ ദശവർഷങ്ങളിൽ(2023 – 2033). നമ്മുടെ സ്വാതന്ത്ര്യത്തിൽ ഒരിക്കലും ഇടപെടാത്തവിധം കരുണയും സ്നേഹവും കാണിക്കുന്നവനാണ് യേശു. “ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു.ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയുംചെയ്യും.(വെളിപാട് 3 :19b-20 ).
“നന്മ നിറഞ്ഞ മറിയമേ…’ എന്ന് വിളിച്ചു പ്രാർത്ഥിക്കുമ്പോൾ യേശുവിനും പരിശുദ്ധാത്മാവിനുമായി നമ്മുടെ ഹൃദയത്തിന്റെ വാതിലുകൾ തുറക്കാൻ പരിശുദ്ധ അമ്മയ്ക്കു കഴിയും. കാരണം അവൾ ത്രിയേക ദൈവത്തിന്റെ പ്രിയപ്പെട്ട മകളും എല്ലാ നന്മകളുടെയും ഉറവിടവുമാണ്. വിശുദ്ധ പൗലോസ്ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നാം വായിക്കുന്നു, “പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.(റോമാ 5 : 5 )
ദൈവത്തിന്റെ കാരുണ്യവും സ്നേഹവും അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാനും അതുവഴി 2023 വർഷം മുൻപ് മാലാഖമാർ പ്രഖ്യാപിച്ച ലോകത്തിലെ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ് വാർത്ത (ലൂക്കാ 1:10) എല്ലാ ഹൃദയങ്ങളും ആസ്വദിക്കാനും ഒരു പുതിയ പെന്തക്കുസ്ത അനുഭവം ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്ന ഈ കാരുണ്യവും സ്നേഹവും ആവോളം അനുഭവിക്കാനും അതിനു സാക്ഷ്യം വഹിക്കാനും എല്ലാ ഹൃദയങ്ങളും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും നിറയണം. പരിശുദ്ധാത്മാവിന്റെ മണവാട്ടിയായ പരിശുദ്ധ അമ്മ – അനുതാപത്തിലേക്കും ഹൃദയങ്ങളുടെ നവീകരണത്തിലേക്കും നയിക്കുന്ന ഈ കാരുണ്യവും സ്നേഹവും സ്വീകരിക്കാൻ ലോകത്തിലെ സകലരുടെയും (800 കോടി ജനങ്ങളുടെ ) ഹൃദയങ്ങൾ തുറക്കും. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ പരിശുദ്ധ അമ്മയ്ക്കു മാത്രമേ ഈ ഇരുളടഞ്ഞ ലോകത്തെ ശോഭയുള്ളതും ശാശ്വതവുമായ വെളിച്ചത്തിലേക്ക് നയിക്കുവാൻ സാധിക്കുകയുള്ളു. കാലത്തിന്റെ അടയാളങ്ങൾ വായിക്കുമ്പോൾ, ലോകത്തിന്റെ ഇന്നത്തെ അവസ്ഥ- കത്തോലിക്കാ സഭയുടെ, നമ്മുടെ കുടുംബങ്ങളുടെ, നമ്മുടെ ഹൃദയത്തിന്റെ ത്തന്നെ സ്ഥിതി നാം മനസ്സിലാക്കുന്നു. പലപ്പോഴും നമ്മുടെ അവസ്ഥ, വി. ലൂക്കാ 11 : 24-26 ൽ പറയുന്നതുപോലെ “ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനേക്കാൾ മോശമായിത്തീരുന്നു “ എന്നതുപോലെയാണ്. ലോകം മുഴുവൻ അന്ധകാരത്തിലാണ്, തിന്മയുടെ ശക്തി മനുഷ്യഹൃദയങ്ങളെ വളരെയധികം കീഴട ക്കിയിരിക്കുന്നു.
തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്‍.(റോമാ 12 : 21 )
നമുക്ക് ഒന്നു മാത്രമേ ചെയ്യാനുള്ളൂ. തിന്മയെ നന്മകൊണ്ട് ജയിക്കണം. ഈ നന്മ പരിശുദ്ധാത്മാവ് ആണ്. വി യോഹന്നാൻ 14:16-ൽ നാം വായിക്കുന്നു “ഞാന്‍ പിതാവിനോട് അപേക്‌ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും”. മറ്റുള്ളവരെ കുറ്റപ്പെടുത്താതെയും മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്താതെയും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ എന്ന് മാത്രമല്ല, നന്മയുടെ ഫലങ്ങളാൽ നിറയുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ. “എന്നാല്‍, ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ, വിശ്വസ്‌തത,സൗമ്യത, ആത്‌മസംയമനം ഇവയാണ് (ഗലാ. 5:22).
ലോകമെമ്പാടും യേശുവിനെ സാക്ഷ്യപ്പെടുത്താൻ അപ്പോസ്തലന്മാരെയും ആദിമ ക്രിസ്ത്യാനികളെയും ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 8) നമ്മെ ശക്തിപ്പെടുത്തുകയും കൂദാശകളിലൂടെ ,പ്രത്യേകിച്ച് നമ്മുടെ മാമ്മോദീസയിലും സ്ഥൈര്യലേപനത്തിലും നമുക്ക് നൽകപ്പെട്ട ആത്മാവിനെ ജ്വലിപ്പിക്കുകയും ചെയ്യട്ടെ.
“ദൈവം മനുഷ്യനുവേണ്ടി എല്ലാം സൃഷ്ടിച്ചു, എന്നാൽ മനുഷ്യൻ ദൈവത്തെ സേവിക്കാനും സ്നേഹിക്കാനും എല്ലാ സൃഷ്ടികളെയും അവനു തിരികെ നൽകാനുമാണ് സൃഷ്ടിക്കപ്പെട്ടത്.” (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം .)
“ദൈവത്തിന് അസാധ്യമായി ഒന്നുമില്ല” (ലൂക്കാ 1:37). ഈ തിരുവചനത്തിന്റെ അഭിഷേകം ഹൃദയത്തിൽ ഏറ്റുവാങ്ങിക്കൊണ്ട് പരിശുദ്ധ ജപമാല രാജ്ഞി യോട് ചേർന്ന് , കൂദാശകളെ പ്രത്യേകിച്ച് വി.കുർബാനയെ മുറുകെ പിടിച്ചുകൊണ്ട് സകല വിശുദ്ധന്മാരോടും മാലാഖമാരോടും കൂടി ദൈവരാജ്യം സ്ഥാപിതമാകുന്നതിനും എല്ലാ സൃഷ്ടികളെയും ദൈവത്തിന് തിരികെ സമർപ്പിക്കാനും നമുക്ക് നമ്മുടെ കൈകളും ഹൃദയങ്ങളും ഒരുമിച്ച് ചേർക്കാം. കൃപയുടെ ഈ ദശവർഷങ്ങളിൽ (2023 – 2033) മഹാ ജൂബിലി 2033 ആഘോഷിക്കാൻ ഒരുങ്ങാം, ഈ ലോകത്തെ മുഴുവൻ ഒരുക്കാം.
